Friday, December 29, 2006

പതിനാല്

കൈയ്യിനേയും കാലിനേയും ബാക്കി ശരീരത്തെയും അധ:സ്ഥിതരാക്കി
തലക്കു മാത്രം ഉയര്‍ച്ച
ഇഷ്ടമല്ല എനിക്കീ തലയിണയേയും ഉദാത്ത ചിന്തകളേയും

പതിമൂന്ന്

ചിന്തകള്‍ വീര്‍ത്തു വാക്കുകളായി പൊട്ടിത്തെറിക്കും
ചിലര്‍ തൂത്തു വാരി ചവറ്റുകുട്ടയിലിടും
ചിലപ്പോള്‍ വായിലൂടെ ഒഴുക്കിവിടും
മറ്റു ചിലര്‍ കഷ്ടപെട്ടു അലങ്കരിച്ചു ഒഴുക്കന്‍ കവിതകളാക്കും
കലിയടങ്ങാത്തവര്‍ നീട്ടിയും കുറിക്കിയും വൃത്തത്തിലാക്കും
സമയമുള്ളവര്‍ നീട്ടി പരത്തി ഉണക്കാനിടും
സഹൃദയാ നിന്റെ കഷ്ടകാലം(പിന്നെ പറഞ്ഞില്ലാന്നു പറയരുത്‌)

പന്ത്രണ്ട്

ഒരോരുത്തര്‍ക്കും ഒരോ ആകാശം ഒരോ ഭൂമി
ചന്ദ്രന്‍ മാഷിനെ പേടിച്ചോടുന്ന നക്ഷത്ര കുഞ്ഞുങ്ങളോട്‌ ഞാന്‍ സഹതപിക്കുമ്പൊള്‍
‍shooting star-ഇനോടു ആഗ്രഹങ്ങള്‍ നിരത്തി വെക്കുന്നവര്‍ തമോഗര്‍ത്തമെന്നു വിളിക്കുന്നവര്‍,
മതിയായി..ഇന്നു തന്നെ ഞാന്‍ സ്വന്തം വിഹിതം മുറിച്ചു വാങ്ങും...

പതിനൊന്ന്

പ്രണയം ഒരു സ്വകാര്യ സ്വത്തവകാശ തര്‍ക്കമാണ്‌
വിവാഹം ഇരു കൂട്ടര്‍ക്കും തൃപ്തിയാകാത്ത ഒത്തുതീര്‍പ്പും

പത്ത്

പല്ലി ചിലച്ചാല്‍ കാര്യം നടക്കും എന്നു പറയുമ്പൊള്‍
"ഇല്ല.. ഇല്ല" എന്നു പറയാനായി പല്ലി ചിലച്ചാല്‍???

Tuesday, December 12, 2006

ഒന്‍പത്

ഒരിടത്തും ഇരിക്കപ്പൊറുതി കിട്ടാത്ത പാവം മടുപ്പ്‌
മുഖത്തിനെ ചുളിപ്പിച്ചു കൊണ്ട്‌
വായ വലിച്ചു പൊളിച്ചു പുറത്തേക്ക്‌
ഒരു കോട്ടുവായുടെ യാത്ര

എട്ട്

ആശ്ചര്യങ്ങള്‍ പിന്നീട്‌ വളഞ്ഞു തിരിഞ്ഞു ചോദ്യങ്ങളാകുമെന്നതിനാലാകാം
ആശ്ചര്യ ചിഹ്നം നീണ്ടു നിവര്‍ന്നും ചോദ്യം വളഞ്ഞും പോയത്‌